Table of Contents
മഹാത്മാഗാന്ധി
1915 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങി വന്നു. ഒരു വക്കീലായി ദക്ഷിണാഫ്രിക്കയിലേക്ക് പോയ ഗാന്ധിജി അവിടത്തെ ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു. ഗാന്ധിജി തന്റെ സത്യഗ്രഹം എന്ന അഹിംസാധിഷ്ഠിതമായ സമരരീതിക്ക് രൂപംനൽകിയത് ദക്ഷിണാഫ്രിക്കയിൽ വച്ചായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു വന്ന ഗാന്ധിജി സത്യാഗ്രഹ ആശയങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടി 1916 ൽ അഹമ്മദാബാദിലെ സബർമതി നദിക്കരയിൽ സബർമതി ആശ്രമം സ്ഥാപിച്ചു.
ഗാന്ധിയുഗം
ഗാന്ധിയുഗത്തിന്റെ വിവിധ ഘട്ടങ്ങൾ ചുവടേ പട്ടികപ്പെടുത്തുന്നു
ടൈംലൈൻ | |
1915 | ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങി വന്നു |
1917 | ചമ്പാരൻ സത്യഗ്രഹം |
1918 | അഹമ്മദാബാദ് തുണിമിൽ സമരം, ഖേഡ കർഷക സത്യഗ്രഹം |
1919 (മാർച്ച് -ഏപ്രിൽ) | റൗലറ്റ് സത്യഗ്രഹം |
13 ഏപ്രിൽ 1919 | ജാലിയൻവാലാബാഗ് കൂട്ടക്കൊല |
1921 | നിസ്സഹകരണസമരവും ഖിലാഫത്ത് പ്രസ്ഥാനം |
ഫെബ്രുവരി 1922 | ചൗരിചൗരാസംഭവം |
1928 | ബർദോളിയിലെ കർഷക പ്രസ്ഥാനം |
(ഡിസംബർ) 1929 | ലാഹോർ സമ്മേളനത്തിൽ കോൺഗ്രസ് “പൂർണ്ണ സ്വരാജ്” ലക്ഷ്യമായി അംഗീകരിച്ചു |
1930 | സിവിൽ നിയമലംഘന പ്രസ്ഥാനം |
12 മാർച്ച് 1930 | ദണ്ഡിയാത്ര ആരംഭിച്ചു |
06 ഏപ്രിൽ 1930 | ഉപ്പു നിയമം ലംഘിച്ചു |
1931 | ഗാന്ധി-ഇർവിൻ ഉടമ്പടി (മാർച്ച്); രണ്ടാം വട്ടമേശ സമ്മേളനം (ഡിസംബർ) |
1935 | ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമം |
1939 | കോൺഗ്രസ് മിനിസ്ട്രീസ് രാജിവച്ചു |
(ഓഗസ്റ്റ് ) 1942 | ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം |
1946 | വർഗീയ കലാപം തടയാൻ മഹാത്മാഗാന്ധി നൊഖാലിയും മറ്റ് കലാപബാധിത പ്രദേശങ്ങളും സന്ദർശിക്കുന്നു |
30 ജനുവരി 1948 | ഗാന്ധിജി വെടിയേറ്റ് മരിച്ചു |
ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ – ചമ്പാരൻ, അഹമ്മദാബാദ്, ഖേഡ സത്യഗ്രഹം
ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യഗ്രഹം പരീക്ഷണമായിരുന്നു 1917 ലെ ചമ്പാരൻ സത്യഗ്രഹം. ചമ്പാരനിലെ നീലം കർഷകരെ യൂറോപ്യൻ തോട്ടമുടമകൾ ചൂഷണം ചെയ്യുന്നതിനെതിരെ ആയിരുന്നു ഇത്. ചമ്പാരനിലെ നീലം കർഷകരുടെ പ്രശ്നത്തിൽ ഇടപെട്ട് ഗാന്ധിജി നിയമലംഘനവും സഹന സമരവും പോലുള്ള സമരരീതികൾ ആണ് സ്വീകരിച്ചത്.
1918 ൽ അഹമ്മദാബാദിലെ മിൽ തൊഴിലാളികളുടെ വേതനവർധനവ് ആവശ്യപ്പെട്ടുള്ള സമരത്തിലും ഗുജറാത്തിലെ ഖേഡയിലെ കർഷകർക്ക് ഭൂനികുതിയിൽ ഇളവ് അനുവദിക്കുന്ന പ്രശ്നത്തിലും ഗാന്ധിജിയുടെ ശക്തമായ ഇടപെടൽ മൂലം പരിഹാരം ഉണ്ടായി. പ്ലേഗ് ബോണസിനെചൊല്ലിയുള്ള 1918 ലെ അഹമ്മദാബാദ് തുണിമിൽ സമരത്തിലും ചമ്പാരനിലെ സമരരീതികൾ ആണ് അദ്ദേഹം സ്വീകരിച്ചത്. ഗാന്ധിജിയുടെ ഉപവാസത്തെ തുടർന്ന് അധികാരികൾ ശമ്പള വർധനവിന് സമ്മതിക്കുകയും സമരം അവസാനിക്കുകയും ചെയ്തു.
വരൾച്ചയും കൃഷിനാശവും മൂലം ദുരിതത്തിലായിരുന്നു ഗുജറാത്തിലെ ഖേഡയിലെ കർഷകരിൽ നിന്നും നികുതി പിരിക്കാൻ തീരുമാനിച്ച അധികാരികളുടെ നയത്തിനെതിരെ ഗാന്ധിജി നികുതി നിഷേധവും സത്യാഗ്രഹവും സമരായുധങ്ങളായി ഉപയോഗിച്ചു.
റൗലറ്റ് ആക്ട്
ജനങ്ങളുടെ ചെറുത്തുനിൽപ്പുകളെ അടിച്ചമർത്തുന്നതിന് വേണ്ടി 1919 ൽ ബ്രിട്ടീഷ് ഗവൺമെന്റ് റൗലറ്റ് നിയമം പാസാക്കി. ഏതൊരു വ്യക്തിയെയും വിചാരണ കൂടാതെ അറസ്റ്റു ചെയ്യാനും തടങ്കലിൽ വെക്കാനുമുള്ള അധികാരമാണ് ഈ നിയമം ഗവൺമെന്റിന് നൽകിയത്. റൗലറ്റ് നിയമത്തിനെതിരെ ഗാന്ധിജിയും ശക്തമായി പ്രതിഷേധിക്കുകയും പ്രക്ഷോഭങ്ങൾക്കും ഹർത്താലിനും ആഹ്വാനം ചെയ്യുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാർ പാസാക്കിയ റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് ഗാന്ധിജി ഇന്ത്യൻ ദേശീയ സമരത്തിലേക്ക് കടന്നത്.
ജാലിയൻവാലാബാഗ് കൂട്ടക്കൊല

റൗലറ്റ് നിയമ വിരുദ്ധ സമരങ്ങൾക്ക് പഞ്ചാബിൽ നേതൃത്വം നൽകിയ സെയ്ഫുദ്ദീൻ കിച്ചലു, സത്യപാൽ എന്നിവരെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിക്കാൻ ആയി 1919 ഏപ്രിൽ 13-ന് ജനങ്ങൾ അമൃത്സറിലെ ജാലിയൻ വാലാബാഗിൽ ഒത്തുകൂടി. അമൃത്സർ പട്ടണത്തിന് നിയന്ത്രണം ഈ സമയം പട്ടാളം ഏറ്റെടുത്തിരുന്നു. പട്ടാള മേധാവി ആയ ജനറൽ ഡയർ തന്റെ ഉത്തരവു ലംഘിച്ചു എന്ന് വ്യാഖ്യാനിച്ചുകൊണ്ട് യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്നുവശവും കെട്ടിടങ്ങൾ ആൽ ചുറ്റപ്പെട്ട മൈതാനത്തിന്റെ പ്രവേശനകവാടത്തിൽ പട്ടാളക്കാരെ നിരത്തി നിരായുധരായ ജനങ്ങൾക്ക് നേരെ വെടി വെക്കൽ ഉത്തരവിട്ടു. 10 മിനിറ്റ് നീണ്ടുനിന്ന വെടിവെപ്പിൽ 379 പേർ മരിച്ചു എന്നായിരുന്നു ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ ഇതിന്റെ ഇരട്ടിയായിരുന്നു.
നിസ്സഹകരണസമരവും ഖിലാഫത്ത് പ്രസ്ഥാനം
നിസ്സഹകരണ പ്രസ്ഥാനം
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭമാണ് നിസ്സഹകരണ സമരം. 1920 ഡിസംബറിൽ നാഗ്പൂരിൽ വച്ച് കൂടിയ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ ഗാന്ധിജി ബ്രിട്ടീഷ് ഗവൺമെന്റ് നെതിരെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. റൗലറ്റ് വിരുദ്ധസമരം നൽകിയ ആത്മവിശ്വാസം ബ്രിട്ടീഷ് ഭരണത്തോട് നിസ്സഹകരണം പ്രഖ്യാപിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചു.
നിസ്സഹകരണ പ്രസ്ഥാനത്തിന് ലക്ഷ്യങ്ങൾ ചുവടെ ചേർക്കുന്നു –
- പഞ്ചാബ് പ്രശ്നത്തിന് പരിഹാരം കാണുക
- സ്വരാജ്, സ്വദേശി പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുക
- ബ്രിട്ടീഷ് നിർമ്മിത വസ്തുക്കൾ ബഹിഷ്കരിക്കുക
- ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക
- നികുതി നൽകാതിരിക്കുക

ഇന്ത്യയിലെ ജനങ്ങൾ ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ചത്തിന്റ ചില ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു-
- അവധിലെ കർഷകർ നികുതി നൽകാൻ വിസമ്മതിച്ചു
- വടക്കൻ ആന്ധ്രയിലെ ഗിരിവർഗ്ഗക്കാർ വന നിയമം ലംഘിച്ച് വനത്തിനുള്ളിൽ പ്രവേശിക്കുകയും ഉൽപ്പന്നങ്ങൾ ശേഖരിക്കുകയും ചെയ്തു.
- ഉത്തർപ്രദേശിലെ കർഷകർ കോളനി ഉദ്യോഗസ്ഥരുടെ ചുമടുകൾ എടുക്കാൻ വിസമ്മതിച്ചു
- തൊഴിലാളികൾ പണിമുടക്കി
- വക്കീലന്മാർ കോടതിയിൽ പോകാൻ വിസമ്മതിച്ചു
- വിദ്യാർഥികൾ ബ്രിട്ടീഷ് സർക്കാറിന്റെ സ്കൂളുകളും കോളേജുകളും ഉപേക്ഷിച്ചു
- സ്ത്രീകൾ അടക്കമുള്ള ജനങ്ങൾ വിദേശ വസ്ത്രങ്ങൾ പൊതുനിരത്തുകളിൽ കൂട്ടിയിട്ട് കത്തിച്ചു.
ബഹിഷ്കരണത്തോടൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾക്കും ഗാന്ധിജി ആഹ്വാനം നൽകി. ഇതിനെ തുടർന്ന് ജനങ്ങൾ തദ്ദേശീയമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും ചർക്കയിൽ നൂൽ നൂറ്റ് ഖാദി വസ്ത്രങ്ങൾ നെയ്യുകയും ദേശീയ വിദ്യാലയങ്ങൾ ആരംഭിക്കുകയും ഹിന്ദി പ്രചരിപ്പിക്കുകയും ചെയ്തു. അക്കാലത്ത് സ്ഥാപിക്കപ്പെട്ട ദേശീയ വിദ്യാലയങ്ങളാണ് കാശി വിദ്യാപീഠം, ഗുജറാത്ത് വിദ്യാപീഠം, ജാമിയ മില്ലിയ.
ഖിലാഫത്ത് പ്രസ്ഥാനം

നിസ്സഹകരണസമരം നടക്കുന്ന അതേ കാലഘട്ടത്തിൽ ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്രാപിച്ചു. 1919 ൽ മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനത്തെ ഗാന്ധിജി പിന്തുണച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തോട് ചേർത്തു നിർത്തിയതിലൂടെ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിംകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു. കൂടാതെ ഹിന്ദു മുസ്ലിം ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ഒരു സുവർണാവസരമായാണ് ഗാന്ധിജി ഇതിനെ കണ്ടത്.
ചൗരിചൗരാ സംഭവം
1922 ൽ ഉത്തർപ്രദേശിലെ ഗൗരഖ്‌പൂർ ജില്ലയിലെ ചൗരിചൗര എന്ന ഗ്രാമത്തിൽ ജനങ്ങൾക്ക് നേരെ പോലീസ് വെടിവച്ചതിൽ രോഷാകുലരായ ജനങ്ങൾ പോലീസ് സ്റ്റേഷൻ ആക്രമിച്ചു തീയിട്ടു. 22 പോലീസുകാർ കൊല്ലപ്പെട്ട ഈ സംഭവം ഗാന്ധിജിയെ വേദനിപ്പിച്ചു. നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു.
പൂർണസ്വരാജും സിവിൽ നിയമലംഘനവും
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു 1929 ൽ ലാഹോറിൽ വച്ച് ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാൻ തീരുമാനിച്ചു. ഗാന്ധിജി മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചുവടെ ചേർക്കുന്നു –
- ഉപ്പു നികുതി എടുത്തുകളയുക
- കൃഷിക്കാർക്ക് 50% നികുതി ഇളവ് നൽകുക
- വിദേശ വസ്ത്രങ്ങളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി വർദ്ധിപ്പിക്കുക.
- രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക
- ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള രഹസ്യാന്വേഷണ വിഭാഗത്തെ പിരിച്ചു വിടുക
- തീരദേശ കപ്പൽ ഗതാഗതം ആരംഭിക്കുക
ഉപ്പുസത്യഗ്രഹം

- ഗാന്ധിജി ആരംഭിച്ച രണ്ടാമത്തെ പ്രധാന സമര പരിപാടിയാണ് 1930 ലെ സിവിൽ നിയമലംഘന പ്രസ്ഥാനവും അതിന്റെ ഭാഗമായി ആരംഭിച്ച ഉപ്പുസത്യഗ്രഹവും. ഉപ്പു നിർമ്മിക്കാനും വിൽക്കാനുമുള്ള അധികാരം ഗവൺമെന്റ് മാത്രം നിക്ഷിപ്തമായിരുന്നു.
- ഉപ്പു നിയമം ലംഘിക്കുന്നതിനായി 1930 മാർച്ച് 12 ന് ഗാന്ധിജി തന്റെ സുപ്രസിദ്ധമായ ദണ്ഡിയാത്ര ആരംഭിച്ചു. 1930 ഏപ്രിൽ 6 ന് സബർമതിയിൽ നിന്ന് ആരംഭിച്ച ഈ യാത്ര ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്നു. ഗാന്ധിജിയും അനുയായികളും അവിടെവച്ച് ഉപ്പു നിയമം ലംഘിച്ച ഉപ്പുണ്ടാക്കി.
- കേരളത്തിൽ പയ്യന്നൂർ, തമിഴ്നാട്ടിൽ വേദാരണ്യം, മഹാരാഷ്ട്രയിൽ ബോംബെ, ബംഗാളിൽ നവഖാലി, വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശം തുടങ്ങിയവ നിയമലംഘനത്തിന്റെ പ്രധാന കേന്ദ്രങ്ങളായി.
- ഉപ്പു സത്യഗ്രഹത്തെ തുടർന്ന് ബ്രിട്ടീഷ് ഗവൺമെന്റ് ഗാന്ധിജിയെ അറസ്റ്റ് ചെയ്യുകയും സമരം ക്രൂരമായി അടിച്ചമർത്തുകയും ചെയ്തു.
വട്ടമേശ സമ്മേളനങ്ങൾ
ഇന്ത്യയിൽ നടപ്പാക്കേണ്ട ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രിട്ടീഷ് ഗവൺമെന്റ് ലണ്ടനിലെ ജെയിംസ് പാലസിൽ 1930, 1931, 1932 എന്നീ വർഷങ്ങളിൽ മൂന്നു വട്ടമേശ സമ്മേളനങ്ങൾ വിളിച്ചുചേർത്തു. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗാന്ധിജി പങ്കെടുത്തു.
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച മൂന്നാമത്തെ പ്രക്ഷോഭമാണ് 1942 ലെ ക്വിറ്റ് ഇന്ത്യാ സമരം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരം കൂടിയാണ് ഇത്. 1942 ഓഗസ്റ്റ് 8 ന് ബോംബെയിൽ വച്ച് കൂടിയ കോൺഗ്രസ് വാർഷിക സമ്മേളനം ബ്രിട്ടീഷുകാരോട് ഉടൻ ഇന്ത്യ വിട്ടു പോകാൻ ആഹ്വാനം ചെയ്യുന്ന ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. എല്ലാ അധികാരങ്ങളും ഇന്ത്യക്ക് കൈമാറി ഇന്ത്യ വിടാൻ ബ്രിട്ടീഷുകാരെ നിർബന്ധിക്കുന്ന അഹിംസയിലുന്നിയുള്ള സമരമായിരുന്നു ഇത്.
“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (Do or Die) എന്ന മുദ്രാവാക്യം ഗാന്ധിജി മുന്നോട്ടുവെച്ചത് ഈ സന്ദർഭത്തിലാണ്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ഒരു ബഹുജന പ്രസ്ഥാനമായിരുന്നു. എന്നാൽ പ്രക്ഷോഭം ആരംഭിക്കുന്നതിനു മുൻപ് തന്നെ ഗാന്ധിജി ഉൾപ്പെടെയുള്ള എല്ലാ നേതാക്കന്മാരെയും ഗവൺമെന്റ് അറസ്റ്റ് ചെയ്തു. ഇതിനെ തുടർന്ന് ജനങ്ങൾ സ്വയം നേതൃത്വം ഏറ്റെടുത്തു. എന്നാൽ ഗവൺമെന്റ് ഈ സമരത്തെ അടിച്ചമർത്തുകയാണ് ഉണ്ടായത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് പുറം ലോകത്തിന്റെ ശ്രദ്ധ തിരിക്കാൻ ക്വിറ്റ് ഇന്ത്യാ സമരം സഹായിച്ചു.
