Malyalam govt jobs   »   Study Materials   »   കേരളപിറവി ദിനം,കേരള ചരിത്രം അറിയാം

കേരളപ്പിറവി ദിനം, കേരള ചരിത്രം അറിയാം

കേരളപ്പിറവി ദിനം,കേരള ചരിത്രം അറിയാം

കേരള സംസ്ഥാനം സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി നവംബർ 1 ന് കേരള പിറവി ദിനം ആഘോഷിക്കുന്നു.    മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഒരു സംസ്ഥാനമായി ഏകീകരിച്ച തീയതി അടയാളപ്പെടുത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

 

കേരളപ്പിറവി ദിനത്തിന്റെ ചരിത്രം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം 1956 നവംബർ 1-ന് കേരള സംസ്ഥാനം സൃഷ്ടിക്കപ്പെട്ടു.

കേരളം ഏകീകരിക്കപ്പെടുന്നതിന് മുമ്പ് മലബാറും കൊച്ചിയും തിരുവിതാംകൂറും വേറെ വേറെ പ്രദേശങ്ങളായിരുന്നു. സ്വാതന്ത്ര്യാനന്തരം, 1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും ലയിപ്പിച്ച് തിരുവിതാംകൂർ-കൊച്ചി രൂപീകരിച്ചു.1956 നവംബർ 1-ന്, തിരുവിതാംകൂർ-കൊച്ചി മലബാറും സൗത്ത് കാനറയിലെ കാസർകോട് താലൂക്കും സംയോജിപ്പിച്ച് സംസ്ഥാന പുനഃസംഘടന നിയമപ്രകാരം മലയാളം സംസാരിക്കുന്ന മൂന്ന് പ്രദേശങ്ങൾ കൂടിച്ചേർന്ന് കേരളം രൂപീകരിച്ചു. ഈ ദിനത്തിന്റെ വാർഷികമാണ് കേരള പിറവി ദിനമായി ആചരിക്കുന്നത്.

ഐക്യകേരളം

1920- ലെ കോൺഗ്രസിന്റെ നാഗ്പുർ സമ്മേളനം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് സമിതികൾ രൂപവത്കരിക്കാൻ നിശ്ചയിച്ചപ്പോൾ കൊച്ചി, തിരുവിതാംകൂർ, മലബാർ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 1921-ൽ കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപവത്കരിച്ചു.

1928-ൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിലും അഖിലകേരള കുടിയാൻ സമ്മേളനത്തിലും ഐക്യകേരളപ്രമേയങ്ങൾ പാസാക്കി. 1928-ൽ ജവാഹർലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ നടന്ന കോൺഗ്രസ് സമ്മേളനം സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന രൂപവത്കരിക്കുമ്പോൾ കേരളത്തെ പ്രത്യേക സംസ്ഥാനമായി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

1930-കളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളി, കർഷക, വിദ്യാർഥി പ്രസ്ഥാനങ്ങൾ തിരുവിതാംകൂറിലും കൊച്ചിയിലും പ്രക്ഷോഭത്തിലായപ്പോൾ മലബാറിലെ ജനങ്ങൾ പൂർണപിന്തുണ പ്രഖ്യാപിച്ചു. 1924-’25-ൽ വൈക്കം സത്യാഗ്രഹം, 1931-’32 ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജനങ്ങൾ പങ്കെടുത്തു. 

ഐക്യകേരള കൺവെൻഷൻ

1945-ൽ കെ.പി.സി.സി.യുടെയും കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെയും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെയും സംയുക്തയോഗം ഐക്യകേരള രൂപവത്കരണത്തിനുവേണ്ടി കമ്മിറ്റി ഉണ്ടാക്കി. 1947-ൽ തൃശ്ശൂരിൽ ഐക്യകേരള കൺവെൻഷൻ നടത്തുകയുംചെയ്തു. അധ്യക്ഷൻ കെ കേളപ്പനും ഉദ്ഘാടകൻ കൊച്ചി മഹാരാജാവ് കേരളവർമയുമായിരുന്നു. ഭരണഘടനാനിർമാണസഭ നിയമിച്ച ജസ്റ്റിസ് എസ്.കെ. ദാർ കമ്മിഷൻ ഭാഷാസംസ്ഥാന രൂപവത്കരണപ്രശ്നങ്ങൾ പഠിക്കാൻ 1948-ൽ കേരളത്തിലെത്തി. 1949-ൽ ആലുവയിൽ ചേർന്ന ഐക്യകേരളസമ്മേളനം കേരള സംസ്ഥാനം രൂപവത്കരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.  

കേരളപ്പിറവി ദിനം,കേരള ചരിത്രം അറിയാം_3.1

തിരു-കൊച്ചി സംസ്ഥാനം

ദാർ കമ്മിഷന്റെ ശുപാർശപ്രകാരം നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും സംയോജിക്കപ്പെട്ടു. തിരു-കൊച്ചി സംസ്ഥാനം 1949 ജൂലായ് ഒന്നിന് നിലവിൽവന്നു. തിരുവിതാംകൂർ രാജാവ് തിരുകൊച്ചിയുടെ രാജപ്രമുഖനായി.   1949-ൽ കെ.പി. കേശവമേനോന്റെ അധ്യക്ഷതയിൽ നടന്ന ഐക്യകേരളസമ്മേളനം ഐക്യകേരള രൂപവത്കരണവും രാജപ്രമുഖപദവി റദ്ദ് ചെയ്യലും ആവശ്യപ്പെട്ടു.1952-ൽ കെ.പി.സി.സി. വിഭജിച്ച് മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും തിരു-കൊച്ചി കോൺഗ്രസ് കമ്മിറ്റിയും നിലവിൽവന്നു. മലബാർ കോൺഗ്രസ് കമ്മിറ്റി തിരു-കൊച്ചിയും മദ്രാസും ഉൾപ്പെട്ട ദക്ഷിണസംസ്ഥാനം രൂപവത്കരിക്കാൻ ആവശ്യപ്പെട്ടു.

1953-ൽ പോറ്റി ശ്രീരാമലു പ്രത്യേക ആന്ധ്രാസംസ്ഥാന രൂപവത്കരണത്തിനായി ജീവത്യാഗം ചെയ്തതിനെ  തുടർന്ന് ഫസൽ ചാലിയുടെ അധ്യക്ഷതയിൽ സംസ്ഥാന പുനഃസംഘടനാ കമ്മിഷൻ നിലവിൽവന്നു. ഒടുവിൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിന് കേരളസംസ്ഥാനം രൂപവത്കരിച്ചു. തിരുവിതാംകൂർ, കൊച്ചി, മലബാർ, കാസർകോട് എന്നിവ ചേർന്നതാണ് കേരളം.

Sharing is caring!

FAQs

കേരളപിറവി ദിനം എന്നാണ് ?

കേരളപിറവി ദിനം - നവംബർ 1